Posts

Showing posts from November, 2026

മിഴികളിലെ അവസാന സ്വപ്നം

Image
മിഴികളിലെ അവസാന സ്വപ്നം  നിൻ പ്രണയം മറന്നിടും നാളിൽ പ്രിയേ, ഈ ജീവൻ വിടവാങ്ങും വേളയിലേ, നിൻ രൂപം കാണാത്ത മിഴികൾ രണ്ടും, നിലാവില്ലാ രാവിൽ മയങ്ങിടട്ടെ. കരളിൽ കൊളുത്തിയ സ്നേഹദീപം, കണ്ണീരിൽ കുതിരട്ടെ മൗനഗാനം, അകലുന്ന നേരത്തും അരികിലായ്, അറിയാതെ ഒഴുകട്ടെ ഓർമ്മയായ്. വസന്തം പൊഴിച്ചൊരു പൂവിതളേ, വിരഹം തഴുകിയൊരു മധുമാസമേ, നിറമുള്ള സ്വപ്നങ്ങൾ കൊഴിഞ്ഞാലും, നിറയട്ടെ നെഞ്ചിൽ നിൻ സ്മരണയും. മറ്റൊരു മുഖത്തിലും മിഴി പതിയാതെ, മറ്റൊരു സ്വപ്നവും മനസ്സിലുണരാതെ, അവസാന ശ്വാസത്തിൻ നിമിഷം വരെ, അനുരാഗം കാത്തിടും അന്ത്യമിതുവരെ. ജി. ആർ. കവിയൂർ 10.11.2026 (തിരുവല്ല, കവിയൂർ)

ധൈര്യത്തിന്റെ പറക്കൽ (ഗസൽ )

ധൈര്യത്തിന്റെ പറക്കൽ (ഗസൽ ) തലകുനിയാത്ത മനസ്സിൽ സ്വപ്നങ്ങളുടെ ആകാശം തുടരും, തളർത്താൻ വന്ന കാലത്തിലും നെഞ്ചിലെ വിശ്വാസം തുടരും. തകർക്കാനാവില്ലൊരിക്കലും സ്വപ്നഗോപുരങ്ങളാരും, തകർന്ന വഴികളിലും പ്രതീക്ഷയുടെ പ്രകാശം തുടരും. മുള്ളുകൾ വിതച്ച വഴികളിൽ പരാതികളില്ലൊന്നും, മുൾമുനകൾക്കിടയിലും പുതുവഴികൾക്ക് ആശ്വാസം തുടരും. കാലത്തിന്റെ കൊടുങ്കാറ്റിൽ മുഖങ്ങൾ മാറിയാലും, ഹൃദയത്തിൽ കാത്ത സ്നേഹത്തിന്റെ നിശ്വാസം തുടരും. കണ്ണീരിനും മായ്ക്കാനാവില്ല വേദനയുടെ അടയാളം, മുറിവുകൾ തുന്നിച്ചേർത്തും ജീവിതത്തിൻ അഭിലാഷം തുടരും. ഭയത്തിനുമുന്നിൽ മുട്ടുമടക്കില്ല ഈ മനസ്സ്, വിജയത്തിലേക്കുള്ള യാത്രയിൽ പോരാട്ടത്തിൻ ആവേശം തുടരും. 'ജി. ആർ.' മൗനത്തിലിരുന്ന് കർമ്മത്തിന്റെ ഭാഷ കുറിക്കുമ്പോൾ, വീഴ്ത്താൻ വന്നവരോടല്ല, ജീവിതത്തോടുള്ള പോരാട്ടത്തിന്റെ വിശ്വാസം തുടരും. ജി. ആർ. കവിയൂർ 10.11.2026 (തിരുവല്ല, കവിയൂർ)

കള്ളക്കഥകൾ മെനയില്ല (ഗസൽ)

Image
കള്ളക്കഥകൾ മെനയില്ല (ഗസൽ) വിധി നമ്മളെ അകറ്റിയാലും പഴിചാരില്ല പിരിയുന്ന നേരത്തും കുറ്റങ്ങൾ പറയില്ല മനസ്സിൽ വിരിഞ്ഞൊരു സ്നേഹപ്പൂവിനെ കാലം കൊഴിഞ്ഞാലും മറന്നുപോകില്ല ഒരുമിച്ചു കണ്ടൊരു സ്വപ്നം തകർന്നാലും ഒരാളുടെ മേൽ മറ്റൊരാൾ പഴിചാരില്ല അകലങ്ങൾ ജീവിതവഴിയിൽ വന്നാലും അനുരാഗത്തിൻ ഓർമ്മകൾ മായിച്ചുകളയില്ല മൗനത്തിൽ ഒളിപ്പിച്ച വേദനകളെല്ലാം മറ്റൊരാളുടെ മുന്നിൽ കഥയാക്കില്ല ജീ ആർ, അവസാന ശ്വാസം നിലച്ചാലും അന്യരായാലും സ്നേഹം മറന്നുപോകില്ല ജീ ആർ കവിയൂർ  09 11 2026 ( തിരുവല്ല, കവിയൂർ)

ഏകാന്തതയുടെ വീട്( ഗസൽ)

Image
ഏകാന്തതയുടെ വീട് ( ഗസൽ) മനസ്സിൽ മോഹങ്ങളും സ്വപ്നങ്ങളും കുറവാണ് ഈ വീട്ടിൽ വിരുന്നെത്തും അതിഥികളും കുറവാണ് പറയാൻ കഥകളേറെ, കേൾക്കാനാളില്ല സ്നേഹം പങ്കിടാൻ കൂട്ടുകാരും കുറവാണ് കടപ്പാടുകളില്ലാതെ ജീവിക്കാനാകുന്നു നമ്മെ തേടിയെത്തും സഹായങ്ങളും കുറവാണ് പൊന്നും പണവും കാക്കാൻ കാവൽ വേണ്ടിവരില്ല ഈ വീട്ടിൽ കള്ളന്മാർക്കു താൽപര്യങ്ങളും കുറവാണ് പോരാടാൻ ആയിരം വഴികൾ മുന്നിലുണ്ടല്ലോ സ്നേഹിച്ചു ജീവിക്കാൻ അവസരങ്ങളും കുറവാണ് ജീ ആറിന്റെ മനസ്സിൽ കുറഞ്ഞു മോഹങ്ങൾ ജീവിതം പകരുന്ന ആശ്വാസങ്ങൾ കുറവാണ് ജീ ആർ കവിയൂർ  08 11 2026 ( തിരുവല്ല, കവിയൂർ)