അരികിലെത്തിയവർ അകലുമ്പോൾ(മലയാള ഗസൽ)
അരികിലെത്തിയവർ അകലുമ്പോൾ
(മലയാള ഗസൽ)
അരികിലെത്തിയവർ അകലുന്നു, ഓർമ്മകൾ മുറിവായ് മാറിപ്പോകുന്നു,
മനസ്സിൽ വിരിഞ്ഞൊരു പ്രണയപ്പൂവ്, കണ്ണീരിൽ വീണു വാടിപ്പോകുന്നു.
ചിരിയുടെ പിന്നിലെ നോവുകൾ ആരും അറിയാതെ മറയുന്നു,
ചേർത്തുപിടിച്ച കരങ്ങൾ പോലും പാതിവഴിയിൽ പിരിഞ്ഞുപോകുന്നു.
മരുന്നുമായ് വന്നവർ തന്നെയല്ലോ മുറിവുകൾ ആഴത്തിലാക്കിയത്,
കരുണയുടെ മുഖംമൂടിയണിഞ്ഞ് ഹൃദയത്തിൽ വിഷം നിറയ്ക്കുന്നു.
വിശ്വാസമെന്നൊരു ദീപം കാറ്റിൽ വിറച്ചുവീണു കെടുന്നു,
പ്രതീക്ഷതൻ അവസാന നാളവും നിശ്ശബ്ദമായ് അണഞ്ഞുപോകുന്നു.
തനിച്ചിരുന്നെത്ര രാത്രികൾ നിൻ ഓർമ്മയിൽ ഞാൻ കരഞ്ഞു,
മിഴികളിൽ ഉറങ്ങാത്ത സ്വപ്നങ്ങൾ മഞ്ഞുതുള്ളിയായ് പൊഴിഞ്ഞുപോകുന്നു.
കാലം വരച്ച മുറിവുകളെ കാലംതന്നെ മായ്ക്കുമെന്നോ,
പഴയൊരു പാട്ടിന്റെ ഈരടികൾ നെഞ്ചിനുള്ളിൽ മുഴങ്ങിപ്പോകുന്നു.
ജീ ആർ എഴുതുന്ന ഗസലിൽ സ്വന്തം ഹൃദയം തുറന്നുവെക്കുന്നു,
അകലുന്നവരോടും സ്നേഹം ബാക്കി, വരികളായി ഒഴുകിപ്പോകുന്നു.
രചന: ജീ ആർ കവിയൂർ
15 10 2026
( തിരുവല്ല, കവിയൂർ)
Comments
Post a Comment