ജീവിതചക്രത്തിന് നോവ് (ഗസൽ)
ജീവിതചക്രത്തിന് നോവ് (ഗസൽ)
വെയിലിൻ ധാരയിൽ ചുമലൊരു നഗരം വഹിക്കുന്നു തന്നെ,
ഒരു തൊഴിലാളിയും നെഞ്ചിലൊരു സ്വപ്നം വഹിക്കുന്നു തന്നെ.
വിശപ്പിൻ തീയിലും അധരമൊരു ചിരിയെ വഹിക്കുന്നു തന്നെ,
കരിഞ്ഞ കാലങ്ങൾക്കുള്ളിലൊരു വസന്തം വഹിക്കുന്നു തന്നെ.
എല്ലില്ലാ നാവിൻ മൗനമതു വിങ്ങലായ് മാറുമ്പോഴും,
പറയാത്ത നൂറ്റാണ്ടുകളുടെ വിഷാദം വഹിക്കുന്നു തന്നെ.
വിയർപ്പിൻ തുള്ളിയെ ലോകമതു പൊടിയെന്നു തള്ളിയാലും,
മണ്ണിന്റെ ഗന്ധമായി സന്ധ്യകൾ മുഴുവൻ വഹിക്കുന്നു തന്നെ.
തളരും പാദങ്ങൾ തൻ വഴികളതു നിലവിളി കൂട്ടുമ്പോഴും,
ഉള്ളിലൊരാൾ ദൂരങ്ങളിലേക്കുള്ള ലക്ഷ്യം വഹിക്കുന്നു തന്നെ.
കേൾക്കാൻ തുനിയാത്ത ലോകത്തിൻ കൊലാഹലത്തിനപ്പുറം,
സമയം നിശ്ശബ്ദമായ് ചില വേദന വഹിക്കുന്നു തന്നെ.
അപ്പത്തിനായൊരാൾ ഓടിടും തിരക്കിൻ നടുവിലായാലും,
തനിച്ചൊരു പക്ഷിപോൽ ഉള്ളിലൊരു ആകാശം വഹിക്കുന്നു തന്നെ.
‘ജീ ആർ’ അക്ഷരത്താൽ മനുഷ്യന്റെ മുറിവുകൾ തുന്നുമ്പോൾ,
ഒരു കവിയെങ്കിലും ഉള്ളിലൊരു കനൽ വഹിക്കുന്നു തന്നെ.
ജി ആർ കവിയൂർ
09/05/2026
(തിരുവല്ല)

Comments
Post a Comment